പണിമുടക്കുകള്‍ നേരിടുമെന്ന്‌ സര്‍ക്കാര്‍: രാജ്യം സ്‌തംഭനത്തിലേക്ക്‌

ന്യൂഡല്‍ഹി: പൊതുമേഖല എണ്ണക്കമ്പനി ജീവനക്കാരും
ലോറി ഉടമകളും നടത്തുന്ന സമരങ്ങളെ ശക്‌തമായി
നേരിടുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍. സമരം പിന്‍വലിച്ചാല്‍
മാത്രമേ ചര്‍ച്ച നടത്തുകയുള്ളൂ എന്ന്‌ കേന്ദ്ര
ആഭ്യന്തരമന്ത്രി പി. ചിദംബരം അറിയിച്ചു. എണ്ണക്കമ്പനി
ജീവനക്കാരുടെ സമരം നേരിടാന്‍ ആവശ്യമെങ്കില്‍
സൈന്യത്തിന്റെ സേവനം വിനിയോഗിക്കുമെന്ന്‌
അദ്ദേഹം വ്യക്‌തമാക്കി. ജീവനക്കാര്‍ സമരത്തില്‍ നിന്ന്‌
പിന്‍മാറിയാല്‍ 30 ദിവസത്തിനകം സമരക്കാരുടെ
ആവശ്യങ്ങള്‍ പ്രധാനമന്ത്രി അറിയിക്കാമെന്ന്‌
അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. 

ലോറി സമരക്കാരുടെ പ്രധാന ആവശ്യമായ
 സേവനനികുതി പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്‌.
 ഇനിയുള്ള പ്രശ്‌നങ്ങള്‍ അതാതു സംസ്‌ഥാന
സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന്‌
അദ്ദേഹം നിര്‍ദ്ദേശിച്ചു. 

ലോറി സമരം സംബന്ധിച്ച്‌ എല്ലാദിവസവും റിപ്പോര്‍ട്ട്‌
നല്‍കാന്‍ കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട്‌ സെക്രട്ടറി ബ്രഹ്‌മദത്ത്‌
സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
 സമര നേതാക്കളെ അറസ്‌റ്റു ചെയ്യാനും ലോറികള്‍
പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശമുണ്ട്‌. 
എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ നേരിയ മാറ്റങ്ങളേ
ഉണ്ടാക്കിയിട്ടുള്ളൂ. എണ്ണക്കമ്പനി ജീവനക്കാരുടെ
സമരനേതാവ്‌ അമിത്‌ കുമാറിന്‌ 1.45 ലക്ഷം രൂപ
ശമ്പളമുണ്ടെന്ന്‌ പത്രക്കുറിപ്പില്‍ അറിയിച്ച
കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ ജനവികാരം
ഉയര്‍ത്താനും സമരക്കാരെ അനുകൂലിച്ച്‌ സംസാരിച്ച
സി.പി.എം. അടക്കമുള്ള പാര്‍ട്ടികള്‍ക്ക്‌ രാഷ്‌ട്രീയ
തിരിച്ചടിയും നല്‍കാനുള്ള ശ്രമത്തിലാണ്‌. 

എണ്ണവിതരണത്തിന്റെ 25 ശതമാനം നടത്തുന്ന
 ബി.പി.സി.എലിലെ ജീവനക്കാര്‍ സമരത്തില്‍ നിന്നും
 പിന്‍മാറിയതായി അറിയിപ്പുണ്ട്‌. തിരുവനന്തപുരം
കൊച്ചുവേളിയിലുള്ള ബി.പി.സി.എല്‍. ഫില്ലിംഗ്‌
യൂണിറ്റ്‌ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌. 

എന്നാല്‍ വാര്‍ത്ത സമരക്കാര്‍ നിഷേധിച്ചു. മറ്റൊരു
കമ്പനിയായ എച്ച്‌.പി.സി.എലില്‍ സമരമില്ല. 
സമരത്തില്‍ പങ്കെടുക്കുന്ന 5,000 ത്തോളം വരുന്ന
ജീവനക്കാര്‍ ഉടന്‍ ഹാജരാകണമെന്ന്‌ ഇന്ത്യന്‍ ഓയില്‍
 കോര്‍പറേഷന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. അല്ലെങ്കില്‍
കനത്ത നടപടി നേരിടേണ്ടി വരുമെന്ന്‌ അദ്ദേഹം അറിയിച്ചു. 

ഐഒസിയുടെ മൂന്നു റിഫൈനറികളും പ്രവര്‍ത്തിക്കാന്‍
തുടങ്ങിയതെന്ന്‌ അദ്ദേഹം പറഞ്ഞു. 

സമരങ്ങള്‍ മൂലം രാജ്യം സ്‌തംഭനത്തിലേക്ക്‌ നീങ്ങുകയാണ്‌ .
 തലസ്‌ഥാനമായ ന്യൂഡല്‍ഹി മുതല്‍ കേരളം വരെ
സമരങ്ങള്‍ക്കുമുമ്പില്‍ പകച്ചു നില്‍ക്കുകയാണ്‌.
ഡല്‍ഹിയിലെ താപനിലയങ്ങള്‍ക്കുള്ള ഇന്ധന വിതരണം
നിലച്ചതോടെ വൈദ്യുതി ഉല്‍പാദനം തടസപ്പെട്ടു.