ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത്
പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍)
ഓഫീസര്‍മാര്‍ സമരത്തില്‍നിന്ന് പിന്‍മാറി. കമ്പനി
ചെയര്‍മാനാണ് ഇക്കാര്യം അറിയിച്ചത്. ഓഫീസര്‍മാര്‍
ജോലിയില്‍ പ്രവേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓയില്‍ ഇന്ത്യ ജീവനക്കാരും സമരം പിന്‍വലിച്ചുവെന്ന്
പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു കമ്പനികളിലെ ജീവനക്കാരും
ഉടന്‍ സമരത്തില്‍നിന്ന് പിന്മാറുമെന്നാണ് സൂചന.
ഇന്ധന ക്ഷാമംമൂലം രാജ്യത്തുണ്ടായ പ്രതിസന്ധി
പരിഹരിക്കാന്‍ തങ്ങളുടെ ജീവനക്കാര്‍ ശനി, ഞായര്‍
ദിവസങ്ങളില്‍ അധിക സമയം ജോലിചെയ്യുമെന്ന്
ബി.പി.സി.എല്‍ അധികൃതര്‍ അറിയിച്ചു. രാജ്യത്തെ എണ്ണ
ആവശ്യത്തിന്റെ 25 ശതമാനവും നിറവേറ്റുന്നത്
ബി.പി.സി.എല്‍ ആണ്. 27 ശതമാനം ആവശ്യം നിറവേറ്റുന്നത്
ഹിന്ദുസ്ഥാന്‍ പെട്രോളിയവും. എച്ച്.പി.സി.എല്‍ ഓഫീസര്‍മാര്‍
സമരത്തില്‍ പങ്കെടുക്കുന്നില്ല. ഇന്ധന വിതരണത്തില്‍ പ്രധാന
പങ്കു വഹിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍
അടക്കമുള്ളവരാണ് സമരം തുടരുന്നത്.
സമരം മൂലമുണ്ടായ പ്രതിസന്ധിയ്‌ക്ക് വെള്ളിയാഴ്‌ച
വൈകീട്ടോടെ പരിഹാരമാകുമെന്ന് പെട്രോളിയം മന്ത്രി
മുരളി ദേവ്‌ര പറഞ്ഞിരുന്നു. രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍
മനസിലാക്കി ഓഫീസര്‍മാര്‍ സമരത്തില്‍നിന്ന് പിന്മാറുമെന്നാണ്
പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരം നേരിടാന്‍
സൈന്യത്തെ വിന്യസിക്കുന്ന കാര്യം ഇന്നുചേര്‍ന്ന
കേന്ദ്ര മന്ത്രിസഭായോഗം പരിഗണിച്ചിരുന്നു.
മൂന്നാം ദിവസത്തിലേക്കു കടന്ന ഓഫീസര്‍മാരുടെ സമരംമൂലം
രാജ്യത്തെ പ്രധാന ഓയില്‍ റിഫൈനറികളുടെ പ്രവര്‍ത്തനം തടസപ്പെട്ടു.
പാനിപ്പട്ട്, മഥുര, ഗുജറാത്ത് എന്നിവിടങ്ങളിലെ റിഫൈനറികളുടെ
പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍
നേരിട്ട ഇന്ധന ക്ഷാമം ഗതാഗതത്തെയും വ്യോമ ഗതാഗതത്തെയും
ബാധിച്ചു. ഇന്ധന ക്ഷാമം മൂലം വെള്ളിയാഴ്‌ച വൈകീട്ടുമുതല്‍
സര്‍വ്വീസ് നിര്‍ത്തിവയ്‌ക്കുമെന്ന് കേരളത്തിലെ സ്വകാര്യ ബസ്
ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മില്‍മയുടെ പാല്‍
വിതരണവും ശനിയാഴ്‌ച മുതല്‍ തടസപ്പെടുമെന്ന് ആശങ്ക
ഉയര്‍ന്നിട്ടുണ്ട്.